Tuesday, April 4, 2017

മാഞ്ഞു പോകേണ്ടത്...

മാഞ്ഞു പോകയാണിപ്പകല്‍; ഒപ്പം
മാഞ്ഞുപോയിരുന്നെങ്കില്‍ ഞാന്‍!
ബാല്യകൗമാരയൗവ്വനസ്മൃതി-
ച്ചീളുകള്‍ പോലും വേണ്ടിനി.
എന്‍നിഴല്‍പറ്റി, യെന്റെ ചില്ലയില്‍
കേളിയാടിയ പക്ഷികള്‍
എന്തിനിപ്പൊഴിപ്പത്രശൂന്യമാം
ശുഷ്‌ക്കഗാത്രത്തെ നോക്കണം?!
ലക്ഷ്യമാകാശമാകിലും, ഭൂമി
വിട്ടു പോരാത്ത വേരുകള്‍
ശാപമാണേതു പൂമരത്തിനും;
വേരുകള്‍ മറന്നേക്കുക!

മുന്‍വാക്ക്

കുത്തൊഴുക്കുള്ള പുഴ; കൂരിരുട്ടിലെന്‍
കൊച്ചു വഞ്ചിയും കൈവിട്ടുപോകവേ,
അക്കരെക്കാണുമൊറ്റ ദീപം നോക്കി-
യാഞ്ഞു കൈവീശി നീന്തുകയാണു ഞാന്‍.
ഏതുനേരവും താണുപോകാം; ചുഴി-
യാര്‍ത്തിയോടെ വിഴുങ്ങിയേക്കാം; കര
പറ്റിയില്ലെങ്കില്‍, ഓര്‍ക്കുകെന്‍ വാക്കുകള്‍:
'വിഡ്ഢിയാണു ഞാന്‍, എന്നെ മറക്കുക.'

എല്ലാം പറയില്ല!

ഇത്രമാത്രം പറയാം: കിഴക്കൊരു
ചിത്രസൈകതഭൂമിയില്‍ വച്ചവള്‍
തന്നതാണീയെഴുത്താണി; യക്ഷരം
തീര്‍ന്നുപോയാല്‍ മടക്കിക്കൊടുക്കണം.
കാലമായെന്നറിയുന്നു; ശൂന്യമാം
താളിയോലയ്ക്കു മുമ്പില്‍ വിനമ്രനായ്
എത്രനാളായിരിക്കുന്നു! കണ്ണുനീര്‍
മാത്രമൂറുന്നു; തോല്‍ക്കുന്നു സന്തതം.
എങ്കിലും തെല്ലൊരാനന്ദമുണ്ട, വള്‍
സങ്കടങ്ങളെ സ്വപ്‌നങ്ങളാക്കുവോള്‍!
വര്‍ണബന്ധുരമാം പുളിനത്തില്‍നി-
ന്നെന്നെ വീണ്ടും പറഞ്ഞയക്കില്ലവള്‍!

മഴ പെയ്യാന്‍ പൂജ


ഊറ്റമായിരുന്നപ്പൂപ്പ,നിക്കിണര്‍
വറ്റുകില്ലേതു ചൂടിലുമെന്നതില്‍!
വെട്ടിവീഴ്ത്തിയ കാവിനെക്കാണാതെ
ഒട്ടുനാള്‍മുമ്പു മാഞ്ഞുപോയ് ഭാഗ്യവാന്‍!
ദോഷമുണ്ടെന്നു ജ്യോത്സ്യന്റെ ദര്‍ശനം;
വര്‍ഷവൃദ്ധിയ്ക്കു പൂജനടത്തണം!
തപ്തമാം കൂപഗര്‍ഭത്തില്‍നിന്നൊരു
വൃദ്ധനിശ്വാസമിപ്പൊഴും കേള്‍പ്പുഞാന്‍!!

കാവ്യോദയം

കാവ്യോദയം വന്ന ഹൃദയങ്ങളില്‍നിന്നു
ദിവ്യാത്ഭുതങ്ങള്‍ പിറക്കുന്നു സന്തതം!
ദൃശ്യനല്ലെങ്കിലും സര്‍വ്വകാലസ്ഥല-
സ്പൃശ്യനാമക്കവിയങ്ങനെ ദൈവമായ്!!!

വാഗ്ദാനലംഘനം

വരുമെന്നു പറഞ്ഞവനീവഴി വന്നില്ല- നിറയെ
തരുമെന്നു കിനാവു പകര്‍ന്നതു തന്നില്ല!
ഇതുവരെയിപ്പടിയിലിരുന്നു കൊതിച്ചൂ ഞാന്‍- ഇനിയെന്‍
ഇരുളാര്‍ന്ന കുടീരം പൂകിയുറങ്ങട്ടെ.

എന്റെ പ്രിയസഖിയ്ക്ക്...!

കഷ്ടകാലക്കറുപ്പു മറയ്ക്കുവാന്‍
നിഷ്‌ക്കളങ്കച്ചിരി പുതച്ചെത്തുവോള്‍
ഞാന്‍ വിരിയ്ക്കുന്ന ദുശ്ശാഠ്യമുള്ളുകള്‍
കാല്‍വിരല്‍പ്പൂവിലേറ്റുവാങ്ങുന്നവള്‍
എന്റെ പാദമിടറാതിരിക്കുവാന്‍
ഏതു കാട്ടിലും താങ്ങായ് വരുന്നവള്‍
ഞാന്‍ ചവിട്ടിക്കുഴച്ചിട്ട ജീവിത-
പ്പച്ചമണ്ണില്‍ പ്രതീക്ഷ വിതയ്ക്കുവോള്‍
ഒന്നുമൊന്നും കരുതിവയ്ക്കാഞ്ഞതില്‍
കണ്ണുനീര്‍ലാവ വീഴ്ത്താതെ, ധീരയായ്
എന്റെ പെണ്‍കിളിക്കുഞ്ഞുങ്ങള്‍ രണ്ടിനും
ശാന്തിമന്ത്രം പകര്‍ന്നു കൊടുപ്പവള്‍-
നിന്റെ ജന്‍മദിനത്തിന്നു നല്‍കുവാന്‍
എന്റെ കൈയിലെയക്ഷരത്തുണ്ടുകള്‍
കോര്‍ത്തു നല്‍കുന്നു; നിത്യദരിദ്രനാ-
മാര്‍ത്തനെങ്കിലും ഭാഗ്യവാനാണു ഞാന്‍!!!
(ഇന്ന്, 04.04.2017 ന് സുനിതയുടെ ജന്‍മദിനം)