Monday, January 2, 2017

എന്തു ചെയ്യാം!

കാറ്റു വന്നൊന്നു തൊട്ടെങ്കിലെന്നോർത്തു
ജാലകം തുറന്നിട്ടിരിപ്പാണുഞാൻ.
വന്നു മൂടുന്നതപ്പുറത്തുള്ളൊരാൾ
തൊള്ള കൊണ്ടു പടർത്തുന്ന പേമണം!
22.04.2016

യക്ഷി..

.
പാതിരാവില്‍ പടികടന്നെത്തിയ
പാലപൂത്ത മണമുള്ള കാറ്റില്‍ ഞാന്‍
കേട്ടു, നേര്‍ത്തൊരു തേങ്ങലിന്നീണവും
കാട്ടുവള്ളി പിണയുന്ന താളവും.
ഏറെനേരം കൊതിയോടെ കാ,ത്തവള്‍
നൂറു ചോദിച്ചടുത്തുവരാനു,മീ
കൈപിടിച്ചു കരിമ്പനയേറിയെന്‍
മെയ് പകുത്തുണ്ടു മുക്തി നല്‍കാനുമായ്...
ഒന്നുമേ നടന്നില്ല, ഞാന്‍ യക്ഷിയെ
ഇന്നുതൊട്ടു വെറുക്കുന്നു തീക്ഷ്ണമായ്.
26.04.2016

മരണമൊഴി.


കുടിനീരിനായ് പോയ നിസ്വനാം കാറ്റിന്റെ-
യൊടുവിലെസ്സന്ദേശമിന്നുകിട്ടി
അവസാനവൃക്ഷത്തിന്നവസാനപത്രത്തി-
ലറിയാത്ത ലിപിയുള്ള യാത്രാമൊഴി.
‘ഈ കത്തു കിട്ടുമ്പൊഴുണ്ടാവുകില്ല ഞാ-
നീമണ്ണി’ലെന്നറിയിച്ചതാകാം.
‘പുതിയൊരു കാറ്റിനെക്കൈ പിടിച്ചാനയി-
ച്ചതിനെ നിൻ മാരനാ‍യ് മാറ്റു’കെന്നാം.
‘കാലങ്ങൾ നിങ്ങളെപ്പൊന്നുപോൽ ഞാൻ പരി-
പാലിച്ചതോർ’ക്കെന്നു ചൊന്നതാകാം
‘അറിയേണമിനിവരും കാറ്റിനെ’യെന്നവൻ
നിറമിഴിയോടെ കുറിച്ചതാകാം.

28.04.2016

Sunday, January 1, 2017

രാക്ഷസന്‍


1
വഴികള്‍ പിന്നിലേക്കോടവേ, ഞാനൊരു
പഴയ പതിനാറുകാരനായ് മാറുന്നു
പവിഴമല്ലികള്‍ പൂക്കുന്ന മുറ്റത്തു
കവിതപോലവള്‍ വിരിയുന്നു പിന്നെയും.
ചെറിയ നാണമുണ്ടെങ്കിലും ശുണ്ഠിയില്‍
മുറുകെയെന്റെ കൈത്തണ്ടയില്‍ നുള്ളുന്നു
പരിഭവം പതഞ്ഞൊഴുകുന്നു: രാക്ഷസാ!
വെറുതെ കാത്തു ഞാനമ്പലത്തിണ്ണയില്‍!'
നഖമുനപ്പാടില്‍ നോക്കിച്ചിരി,ച്ചതില്‍
മുഖമമര്‍ത്തുന്നു; ചോദിപ്പു: 'നൊന്തുവോ?!'
2
ഏറെനാള്‍ കഴിഞ്ഞൊരു 'മാളി'ലെത്തിരക്കില്‍ ഞാന്‍
ഏകനായിരിക്കുന്നു, തണുപ്പില്‍, നിശ്ചേഷ്ടനായ്.
ഭാര്യയും മോനും ചേര്‍ന്നു 'ഷോപ്പു' ചെയ്യുന്നൂ ദൂരെ,
കാര്യമെന്തിപ്പൂച്ചയ്ക്കു പൊന്നുരുക്കലാമതില്‍?!
അവളെന്‍ മുന്നില്‍ വന്നു നില്‍ക്കുന്നു ഭര്‍ത്താവുമൊ-
ത്തവരും 'ഷോപ്പിംഗി'നാം; ഇത്രയും പറഞ്ഞവള്‍:
'നല്ല സുന്ദരിയാണു ഭാര്യ; ഞാന്‍ കണ്ടു, നിങ്ങള്‍
നല്ല ചേര്‍ച്ചയാ,ണെനിയ്‌ക്കൊത്തിരിയിഷ്ടപ്പെട്ടു!'
3
വീട്ടുമുറ്റത്തു പന്തലിലാളുകള്‍
കാത്തുനില്‍ക്കുന്നു; ഭര്‍ത്താവുമു,ണ്ടയാള്‍
എത്തിയെന്റെ കൈ കൂട്ടിപ്പിടിയ്ക്കുന്നു;
മുക്തി വന്നപോല്‍ നെറ്റിമേല്‍ വയ്ക്കുന്നു!
'ചത്തുപോവുകില്‍ നിങ്ങളാം രാക്ഷസന്‍
എത്തിവേണം ശവമടക്കീടുവാന്‍
എന്നു ചൊല്ലിയേല്‍പ്പിച്ചെന്‍ പ്രിയതമ'-
യെന്ന ഗദ്ഗദം കേട്ടു ഞാന്‍ സ്തബ്ധനായ്...
മഞ്ചലില്‍, പട്ടുകോടിയ്ക്കുപിന്നിലും
പുഞ്ചിരിച്ചവള്‍ ചോദിച്ചു: 'നൊന്തുവോ...?!'
-പി പ്രകാശ്‌
14.08.2016

മഴയ്ക്കു മുമ്പ്


സന്ധ്യയായില്ലെങ്കിലു,മതുപോലിരുള്‍ വീണ
സുന്ദരമധ്യാഹ്നമാ, ണെപ്പൊഴും മഴ വീഴാം.
അതിനു മുമ്പുള്ളതാം ശാന്തത ഭഞ്ജിയ്ക്കുവാ-
നരുതാതൊരു പൂച്ചയടക്കം പറയുന്നു.
ജാലകം തുറന്നു ഞാന്‍ കാണുമീ മതിലിന്‍മേല്‍
ജീവിതം മടുത്തൊരു കാക്ക വന്നിരിക്കുന്നു.
അകലെ, വാഴക്കൂട്ടം നിറഞ്ഞ തൊടിയിലൂ-
ടതിവേഗത്തില്‍, കോഴിക്കുടുംബം നടക്കുന്നു.
മുകില്‍ കൈയൊഴിഞ്ഞതാം വര്‍ഷബിന്ദുവിന്‍ ദുഃഖം
മൂകമ,ല്ലിതാ പൊട്ടിക്കരയാന്‍ തുടങ്ങുന്നു....
- പി പ്രകാശ്, 14.07.2016, 14.15 hrs

കര്‍ക്കടകം...


കര്‍ക്കടകമാസം പിറന്നു; രാമായണം
പൂക്കുന്നു 'കോളാമ്പി' തോറും.
ശ്രീരാമചന്ദ്രശരമെന്നപോല്‍ ശബ്ദങ്ങള്‍
ശ്രവണേന്ദ്രിയം തുളയ്ക്കുന്നു.
'കഥയ മമ കഥയ മമ'യെന്നു ചൊല്ലാനൊരാള്‍
കാത്തിരിപ്പില്ലാത്ത കാലം,
കഠിനതരയത്‌നം നടത്തുന്നു രാവണര്‍
കഥകളെക്കദനമായ് മാറ്റാന്‍!
കഥയിലെ'ക്കാര്യം' മറക്കുന്നു, കുടിലതകള്‍
കാച്ചിക്കുറുക്കിയൂട്ടുന്നു...

16.07.2016

ഇരുട്ട്‌

വീണ്ടുമൊരു ചുവടിനിടമില്ല; പാതാളമാ-
ണുണ്ടായിരുന്ന തിരി കെട്ടു. 
ചുറ്റിലുമിരുട്ടാണ്, നിശ്ശബ്ദതാസ്ത്രങ്ങ-
ളേറ്റേറ്റു ഹൃദയം തുളഞ്ഞു.
ചത്ത സൂക്തങ്ങളതി തീക്ഷ്ണദുര്‍ഗന്ധമായ്
കൊത്തിപ്പറിയ്ക്കുന്നു ക്രൂരം.
ശക്തനാമൊരു കഴുകു വന്നു നഖമുനകളാല്‍
കോര്‍ത്തെടുത്തെങ്കിലതു പുണ്യം!
(പി പ്രകാശ്, 19.07.2016, 17.21 hrs)

കറുക


ആടിമാസമഴയില്‍ക്കുളിച്ചിളം
നാമ്പുനീട്ടിയനുരാഗലോലയായ്
കാത്തുനില്‍ക്കുമിവളെക്കടക്കുവാ-
നാവുകില്ല; പിഴുതേയടങ്ങു ഞാന്‍!
13.08.2016

ഓണപ്പേടി...!


ഓണം വരുന്നെന്നു കേള്‍ക്കുമ്പോള്‍ നെഞ്ചിടി-
പ്പാ,ണെനിയ്‌ക്കെന്തെല്ലാമുണ്ടാക്കണം?!
കാണമെനിക്കില്ല വില്‍ക്കുവാന്‍, ബന്ധുക്കള്‍
നാണം കെടുത്തുമീയോണം വേണോ?!
26.08.2016

ഓണച്ചൂല്‍...


ഓണമൊരു ചൂലുമായ് വന്നെന്റെ സമ്പാദ്യ-
മൊക്കെയും തൂത്തെറിഞ്ഞു.
നാണമില്ലാത്തോണമെന്നിട്ടുമെന്‍നേര്‍ക്കു
കൊഞ്ഞണം കാട്ടിടുന്നു!
20.10.2016

അപേക്ഷ

നീയെടുക്കുകെന്‍ പ്രാണന്‍; പകരമെന്‍
നീറ്റലൊക്കെയും തന്നിട്ടു പോവുക.
മറ്റൊരാളിന്റെ നെഞ്ചില്‍ വിതയ്ക്കില്‍, വേ-
രറ്റുപോകുമെന്‍ ദുഃഖസൗഗന്ധികം!
-പി പ്രകാശ്‌
18.10.2016

മരിച്ചയാള്‍ പറഞ്ഞത്


'അറിയില്ലേ, യെന്നെ നീ',യെന്നഴലോടെ ചോദിച്ചെന്റെ
അരികിലേക്കവള്‍ വന്നു; നിശ്ചേഷ്ടനായ് ഞാന്‍!
തിരിഞ്ഞൊന്നു നോക്കാന്‍ പോലുമിടതരാതവളെന്റെ
കരം പിടിച്ചെവിടേക്കോ നടന്നു നീങ്ങി.
മറന്നു ഞാനാരാണെന്നും, നിറഞ്ഞകണ്‍ തുടച്ചുകൊ-
ണ്ടരുതെന്നു വിലക്കിയ സ്വപ്‌നമേതെന്നും!!!
21.10.2016

യക്ഷീവിലാപം (ഉണ്ണി മാധവന്)


നിലവിളക്കുകള്‍ പൂക്കും ത്രിസന്ധ്യയില്‍
വലിയ പാലയ്ക്കു കീഴില്‍വച്ചാണു നാം
പരിചയിച്ചതെന്നോര്‍ക്കുന്നു; വത്സരം
പലതുപോയതായ് തോന്നുന്നുവോ സഖേ?
വലിയ പാലയിന്നില്ല, ത്രിസന്ധ്യയില്‍
നിലവിളക്കുകള്‍ പൂക്കുന്നുമില്ല, നാം
പഴയപോലൊന്നു സന്ധിയ്ക്കുവാന്‍, കരി-
മ്പന തിരക്കണം; ഞാന്‍ യക്ഷിയല്ലയോ?!
06.11.2016

വാര്‍ദ്ധക്യത്തിലേക്കു കടക്കുമ്പോള്‍

പണ്ടേപ്പോലായിടാനായ് പലവിധവഴികള്‍ തേടുവാന്‍ തോന്നലുണ്ടാം!
കണ്ടേക്കാമുള്ളിലാകെക്കൊടിയ കദനവും വൃദ്ധനെന്നുള്ള 'ഡംഭും'!
വേണ്ടെന്നാണെന്റെ പക്ഷം, പുതിയൊരുപിറവിയ്ക്കുള്ളതാം കഷ്ടമെല്ലാം
താണ്ടുമ്പോള്‍ വന്നുചേരും ശുഭകരസമയം, കാക്കുകെന്‍ തമ്പുരാനേ!!!
(Rameshan Thampuran എഴുതിയ ഇതേ വൃത്തത്തിലുള്ള 'രണ്ടാം ബാല്യം' എന്ന ശ്ലോകത്തിനുള്ള മറുപടി.)
02.12.2016

ക്ഷമിക്കുക...

ചെമ്പകപ്പൂമണമ,ല്ലെന്റെ നെഞ്ചിന്റെ
നീറ്റലാണിക്കാറ്റിലെങ്ങും.
മഞ്ഞല്ല, മൃത്യുവാണിക്കുളിര്‍; ചുറ്റിലു-
മെന്നെപ്പൊതിഞ്ഞുനില്‍ക്കുന്നു. 
സ്വീകരിക്കാനല്ല, യാത്രയാക്കാന്‍ പൂക്കള്‍
വര്‍ഷിച്ചു നില്‍ക്കുന്നു കാലം.
ആരോടുമില്ലിനിയൊന്നും പറയുവാന്‍
നാദം തിരിച്ചെടുക്കുന്നു...
(ഒരു ദീര്‍ഘകവിതയിലെ അവസാനവരികള്‍- പി പ്രകാശ്)

29.12.2016

കൊണ്ടുപോകുമോ എന്നെക്കൂടി...?


അന്നു നീ വന്നു, പൊന്നിന്‍ നൂപുരം കിലുക്കിയെന്‍
പഴയ കൂരയ്ക്കുള്ളില്‍, ജീര്‍ണസങ്കല്‍പ്പങ്ങളില്‍.
തമസ്സിന്‍ ഗര്‍ത്തത്തിലേക്കലിയാന്‍ കിടന്ന ഞാ-
നുണര്‍ന്നു; നിന്നെ നോക്കിക്കൊതിച്ചു; മദിച്ചു ഞാന്‍!!
നിന്റെ വശ്യമാം ചിരി; മിഴിയില്‍ തെളിഞ്ഞതാം
കമ്രതാരകം; മൊഴി തൂകിയ വാഗ്ദത്തങ്ങള്‍ -
ഒക്കെയും മോഹിപ്പിച്ചു; നിന്നിലുണ്ടെല്ലാമെന്നു
കരളില്‍ കുറിച്ചിട്ടു പാഞ്ഞു ഞാന്‍ യാഗാശ്വം പോല്‍!
ഇന്നു നീ പോകുമ്പൊഴീ പഴയ കൂരയ്ക്കുള്ളില്‍
വീണ്ടുമെത്തുന്നു ഞാനെന്‍ വ്യര്‍ത്ഥരാഗങ്ങള്‍ക്കൊപ്പം.
കൊണ്ടുപോകുമോ കൂടെയെന്നെയും, നീ പോകുമാ
നിത്യതാവൃന്ദാവനലീനമാം നികുഞ്ജത്തില്‍?!
(2016 ന് - പി പ്രകാശ്)
31.12.2016