Sunday, January 1, 2017

രാക്ഷസന്‍


1
വഴികള്‍ പിന്നിലേക്കോടവേ, ഞാനൊരു
പഴയ പതിനാറുകാരനായ് മാറുന്നു
പവിഴമല്ലികള്‍ പൂക്കുന്ന മുറ്റത്തു
കവിതപോലവള്‍ വിരിയുന്നു പിന്നെയും.
ചെറിയ നാണമുണ്ടെങ്കിലും ശുണ്ഠിയില്‍
മുറുകെയെന്റെ കൈത്തണ്ടയില്‍ നുള്ളുന്നു
പരിഭവം പതഞ്ഞൊഴുകുന്നു: രാക്ഷസാ!
വെറുതെ കാത്തു ഞാനമ്പലത്തിണ്ണയില്‍!'
നഖമുനപ്പാടില്‍ നോക്കിച്ചിരി,ച്ചതില്‍
മുഖമമര്‍ത്തുന്നു; ചോദിപ്പു: 'നൊന്തുവോ?!'
2
ഏറെനാള്‍ കഴിഞ്ഞൊരു 'മാളി'ലെത്തിരക്കില്‍ ഞാന്‍
ഏകനായിരിക്കുന്നു, തണുപ്പില്‍, നിശ്ചേഷ്ടനായ്.
ഭാര്യയും മോനും ചേര്‍ന്നു 'ഷോപ്പു' ചെയ്യുന്നൂ ദൂരെ,
കാര്യമെന്തിപ്പൂച്ചയ്ക്കു പൊന്നുരുക്കലാമതില്‍?!
അവളെന്‍ മുന്നില്‍ വന്നു നില്‍ക്കുന്നു ഭര്‍ത്താവുമൊ-
ത്തവരും 'ഷോപ്പിംഗി'നാം; ഇത്രയും പറഞ്ഞവള്‍:
'നല്ല സുന്ദരിയാണു ഭാര്യ; ഞാന്‍ കണ്ടു, നിങ്ങള്‍
നല്ല ചേര്‍ച്ചയാ,ണെനിയ്‌ക്കൊത്തിരിയിഷ്ടപ്പെട്ടു!'
3
വീട്ടുമുറ്റത്തു പന്തലിലാളുകള്‍
കാത്തുനില്‍ക്കുന്നു; ഭര്‍ത്താവുമു,ണ്ടയാള്‍
എത്തിയെന്റെ കൈ കൂട്ടിപ്പിടിയ്ക്കുന്നു;
മുക്തി വന്നപോല്‍ നെറ്റിമേല്‍ വയ്ക്കുന്നു!
'ചത്തുപോവുകില്‍ നിങ്ങളാം രാക്ഷസന്‍
എത്തിവേണം ശവമടക്കീടുവാന്‍
എന്നു ചൊല്ലിയേല്‍പ്പിച്ചെന്‍ പ്രിയതമ'-
യെന്ന ഗദ്ഗദം കേട്ടു ഞാന്‍ സ്തബ്ധനായ്...
മഞ്ചലില്‍, പട്ടുകോടിയ്ക്കുപിന്നിലും
പുഞ്ചിരിച്ചവള്‍ ചോദിച്ചു: 'നൊന്തുവോ...?!'
-പി പ്രകാശ്‌
14.08.2016

1 comment:

K.P.Sukumaran said...

കവിതയുടെ തലക്കെട്ട് പോസ്റ്റ് എഴുതുന്ന എഡിറ്ററിന്റെ മേലെ Post title എന്ന് കാണുന്ന ബോക്സിൽ തന്നെ എഴുതുക. ഇപ്പൊഴൊക്കെ ബ്ളോഗിൽ വായനക്കാർ കുറവാണു. എല്ലാവരും ഫേസ്‌ബുക്കിലാണു. എന്നാലും എഴുന്നത് എന്തും ബ്ളോഗിൽ സേവ് ചെയ്യുന്നത് നല്ലതാണു. ആശംസകളോടെ..